കോലാലംപൂര്‍: 2014ല്‍ കാണാതായ മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനത്തിനായുള്ള തിരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കും. അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയാണ് നിലവില്‍ വിമാനത്തിനായുള്ള തെരച്ചില്‍ നടത്തുന്നത്. മലേഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് തിരച്ചില്‍ നിര്‍ത്തുന്നത്. നേരത്തെ വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന ഭാഗങ്ങള്‍ മഡഗാസ്കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
2014 മാര്‍ച്ച് എട്ടിനാണ് കോലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനം തെക്കന്‍ ചൈനീസ് കടലിന് മുകളില്‍ വെച്ച് കാണാതാവുന്നത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം എയര്‍ ട്രാഫിക് വിഭാഗത്തിന്റെ റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.