കൊളംബോ: വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായ ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, വൈബര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മൂന്നു ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം താത്കാലികമാണെന്നും വൈകാതെ പിന്‍വലിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും കലാപത്തിന് അയവൊന്നും സംഭവിക്കാത്ത അവസ്ഥയാണ് ശ്രീലങ്കയില്‍. നിരോധനാജ്ഞ ലംഘിച്ചതിനും മേഖലയില്‍ സംഘര്‍ഷം പടര്‍ത്താന്‍ ശ്രമിച്ചതിനും ഏഴുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെ രാജ്യത്തിന്റെ പല ഭാഗത്തും വിന്യസിച്ചിട്ടുണ്ട്. സിംഹളരും മുസ്ലിങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം രൂക്ഷമായതോടെയാണ് ചൊവ്വാഴ്ച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ പത്തുദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.