മലപ്പുറം: ജ്ഞാനപ്പാനയുടെ രചയിതാവും ഭക്തകവിയുമായ പൂന്താനത്തിന്റെ ഇല്ലവും ക്ഷേത്രവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു. ആചാരങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
ആത്മീയതയുടെയും ഭക്തിയുടെയും കേന്ദ്രമായിരുന്നു വര്‍ഷങ്ങളായി പൂന്താനം ഇല്ലം. ഭക്തകവി കൂടിയായിരുന്ന പൂന്താനത്തിന്റെ സ്മരണക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ പൂന്താനം സാഹിത്യോത്സവവും എല്ലാ വര്‍ഷവും നടന്നിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പൂന്താനം ഇല്ലം ഏറ്റെടുത്തതോടെ സാഹിത്യോത്സവവും ആചാരങ്ങളും അട്ടിമറിക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ സാഹിത്യോത്സവം തുടങ്ങി. എന്നാല്‍ പൂന്താനത്തെ പൂര്‍ണമായും അവഹേളിക്കുന്ന തരത്തില്‍ രാഷ്ട്രീയം കുത്തിനിറച്ചായിരുന്നു പരിപാടികള്‍. ഇടതു സംഘടനകളായിരുന്നു മുഖ്യ സംഘാടകര്‍. നിത്യപൂജയും കളംപാട്ടും എഴുത്തിനിരുത്തലും ഉള്‍പ്പെടെയുള്ള ക്ഷേത്രാചാരങ്ങള്‍ നടന്നിരുന്ന ക്ഷേത്രമുറ്റത്താണ് ഇവയെ അപമാനിക്കുന്ന തരത്തില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നത്.
ക്ഷേത്രാചാരങ്ങളും സാഹിത്യോത്സവവും അട്ടിമറിക്കപ്പെട്ടതോടെ നാട്ടുകാര്‍ 2006ല്‍ കോടതിയെ സമീപിച്ചു. ക്ഷേത്രാചാരങ്ങള്‍ക്ക് കളങ്കം വരുത്താതെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സാഹിത്യോത്സവം നടത്താമെന്ന് 2010ല്‍ ഹൈക്കോടതിയുടെ വിധിയും വന്നു. ഇതോടെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘം നാല് കിലോമീറ്റര്‍ അപ്പുറത്ത് പൂന്താനം സാഹിത്യോത്സവം എന്ന പേരില്‍ തന്നെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഇതിനെതിരെ നിലപാടെടുക്കാതെ ദേവസ്വം ബോര്‍ഡും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്ക്കുന്ന അവസ്ഥയാണ് ഇവിടെ നില നില്‍ക്കുന്നത്.