ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഹിമാലയ യാത്രക്കൊരുങ്ങി രജനീകാന്ത്. ഇന്നു പുലര്‍ച്ചെ ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര രണ്ടാഴ്ച നീണ്ടു നില്ക്കും.
കഴിഞ്ഞ വര്‍ഷം രജനീകാന്തും സുഹൃത്തുക്കളും ചേര്‍ന്ന് യോഗോദ സ്തസംഗ സൊസൈറ്റിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഹിമാലയത്തില്‍ ധ്യാന മന്ദിരം സ്ഥാപിച്ചിരുന്നു. ഇവിടെയും അദ്ദേഹം സമയം ചിലവഴിക്കും. 1917ല്‍ പരമഹംസ യോഗാനന്ദ സ്ഥാപിച്ച സംഘടനയാണിത്. അതോടൊപ്പം മഹാവതാര്‍ ബാബാജിയുടെ ഗുഹയും ഇദ്ദേഹം സന്ദര്‍ശിക്കും. രജനീകാന്തിന്റെ ആത്മീയഗുരു കൂടിയാണ് ബാബാജി.
ഇതിനു മുന്‍പും ഹിമാലയത്തിലേക്ക് നിരവധി യാത്രകള്‍ രജനി നടത്തിയിട്ടുണ്ട്. ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലാണ് ഇതിനു മുന്‍പും രജനി ഇത്തരത്തില്‍ ഇവിടേക്കു വന്നിട്ടുള്ളത്. ഹിമാലയസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയും 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം ഒരു വെബ്സൈറ്റും ആരംഭിച്ചിരുന്നു. വ്യക്തികള്‍ക്ക് പാര്‍ട്ടി അംഗത്വം എടുക്കാനുള്ള സംവിധാനവും വെബ്സൈറ്റില്‍ ഉണ്ട്. പാര്‍ട്ടിക്ക് ജില്ല നേതാക്കളെ നിയമിക്കുന്ന പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു.