കൊച്ചി: ഭൂമി വിവാദത്തില്‍ കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നുള്ള വിശ്വാസി സമൂഹം യോഗത്തില്‍ പങ്കെടുക്കും. വൈദിക സമിതി മെത്രാസന മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ ജാഥയ്ക്ക് മറുപടിയായാണ് ഇന്നത്തെ യോഗം. യോഗത്തിന് ശേഷം കര്‍ദിനാളിനെ നേരിട്ടു കണ്ടു പിന്തുണ അറിയിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാവിലെ 10 മണി മുതല്‍ ഉച്ചതിരിഞ്ഞു 3.30 വരെ യോഗവും ഒപ്പം സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ യജ്ഞവും നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ രേഖകളുമായി കര്‍ദിനാള്‍ പക്ഷം രംഗത്തു വന്നു. ഭൂമിയിടപാടിനെക്കുറിച്ച് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും അറിയാമായിരുന്നുവെന്ന ആരോപണമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. രൂപതയുടെ ഭൂമി വില്ക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാന്‍സ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യന്‍ എടയന്ത്രത്താണെന്ന് ഇവര്‍ ആരോപിക്കുന്നു.