ചെങ്ങന്നൂർ: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്. പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു . കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചരണത്തിനായി തെരഞ്ഞെടുത്തവർക്കുള്ള ശിൽപ്പശാല ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും അവകാശമാണെന്ന് കുമ്മനം പറഞ്ഞു. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ച് ചിലര്‍ ബോധപൂർവ്വമായ ശ്രമം സംസ്ഥാനത്ത് നടത്തുന്നുണ്ട്.
കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചിലര്‍ നടത്തുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് ഇവയുടെ പ്രയോജനം കിട്ടാൻ ആവശ്യമായ നടപടികള്‍ പ്രവർത്തകർ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, തുടങ്ങി നിരവധി ആളുകള്‍ ശില്പ ശാലയില്‍ പങ്കെടുത്തു.