ലോക രാഷ്ട്രങ്ങൾക്കു തന്നെ മാതൃകയാകുകയാണ് ഭാരതം വിജയകരമായി നടപ്പിലാക്കിവരുന്ന സൻസദ് ആദർശ് ഗ്രാമ യോജന.പാർലമെന്റ് അംഗങ്ങൾ ഗ്രാമങ്ങൾ ദത്തെടുത്തുകൊണ്ട് സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതിയാണിത്.ഇത്തരത്തിൽ ഏറ്റെടുത്ത രാജ്യത്തെ 700 ഗ്രാമങ്ങൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, പ്രതിശീർഷ ഊർജഉപയോഗം 25 ശതമാനം കണ്ട് കുറക്കുക,വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം വ്യാപകമാക്കുക, ഇവയൊക്കെ ഓരോ ഗ്രാമങ്ങളുടെയും ആവശ്യകതയ്ക്കനുസരിച്ചു സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്നു.2024 ആകുമ്പോഴേക്കും രാജ്യത്തെ 2379 ഗ്രാമങ്ങളുടെ മുഖച്ഛായ അടിമുടി മാറും.ലോക്സഭാ അംഗങ്ങളൊക്കെത്തന്നെ അവരവരുടെ മണ്ഡലത്തിലെ ഗ്രാമം സൻസദ് ആദർശ് ഗ്രാമയോജനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു . രാജ്യസഭാ അംഗങ്ങൾക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്സഭാ എംപിക്കു മണ്ഡലത്തിനടുത്തുള്ള മറ്റൊരു ഗ്രാമപഞ്ചായത്തു വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുക്കാം, ഇവയാണ് സാഗീ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ.
സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം രാജ്യത്തെ പിന്നോക്കാവസ്ഥയിലുള്ള ഒട്ടുമിക്ക ഗ്രാമങ്ങളും പാർലമെന്റ് അംഗങ്ങൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. എംപിമാർ അവരുടെ മണ്ഡലങ്ങളിലെത്തി രാഷ്ട്രീയത്തിനതീതമായി ഗ്രാമീണർക്കൊപ്പമിരുന്ന് വികസനകാര്യങ്ങൾ ചർച്ചചെയ്ത് പദ്ധതികൾ ആവിഷ്കരിക്കുന്നു .തുടക്കത്തിൽ മുഖംതിരിച്ച പ്രതിപക്ഷ എംപിമാർപോലും ഇന്ന് ഈ പദ്ധതിനടപ്പിലാക്കുവാൻ ആവേശത്തോടെ മുന്നോട്ടുവന്നിരിക്കുന്നു .ഇത് ഭാരതത്തിൽ ഒരു ഗ്രാമീണ വികസനവിപ്ലവത്തിനുതന്നെ വഴിതെളിച്ചിരിക്കുന്നു.