കോഴിക്കോട് : ആർ.എം പി യെ ഒതുക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ തുടരുന്നു.നിലപാട് തിരുത്തിയാൽ കെ കെ രമയെ സിപിഎമ്മിൽ ചേർക്കാമെന്ന വാഗ്ദാനമാണ് ഇതിൽ ഏറ്റവും പുതിയത്.
സിപിഎമ്മിന്റെ നിലപാടുമായി യോജിക്കാൻ തയ്യാറായാൽ കെ കെ രമയേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനനാണ്.
ഇതിനു പിന്തുണയുമായി മറ്റ് ചില കാര്യങ്ങളും മോഹനൻ പറഞ്ഞിട്ടുണ്ട്.ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണ്.ടിപിയെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ ദൂതന്മാർ മുഖേന ശ്രമിച്ചിരുന്നു.എന്നാൽ അത് ചില ഗൂഢശക്തികൾ ചേർന്ന് തകർക്കുകയായിരുന്നുവെന്നും മോഹനൻ പറഞ്ഞു.
ആർ എം പിയിൽ നിന്നും അണികളെ അടർത്തി സിപിഎമ്മിലേക്ക് ചേർക്കാനുള്ള അടവ് നയം കഴിഞ്ഞ കുറച്ച് നാളായി പാർട്ടി പിന്തുടരുന്നുണ്ട്.
സിപിഎം നശിച്ചുകാണാൻ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നുമുള്ള കോടിയേരിയുടെ പരാമർശവും ഈ അടവ് നയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.