ഹൈദരാബാദ്: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ തെലങ്കാനയില്‍ നിന്നുള്ള ഐ.എസ് ഭീകരനും. എംഡി തൗഫീക്ക് 26 വയസുകാരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാമന്. തെലങ്കാന മംഗുരു സ്വദേശിയാണ് ഇയാള്‍. ഐ.എസ്.ഐ.എസിന്റെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ തീവ്രവാദ ഗ്രൂപ്പിലെത്തിച്ചേരുന്നത്.
മാര്‍ച്ച് 12ന് അനന്ത്നാഗിലെ ഹകുറയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതില്‍ കശ്മീര്‍ സ്വദേശികളായ രണ്ട് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ശ്രീനഗറിലെ സൗറ മേഖലയിലെ ഈസാ ഫാസ്ലി, കൊക്കര്‍നാഗിലെ സെയ്ദ് ഒവൈസ് ഷാഫി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഐഎസ്ഐഎസുമായി കൂടുതല്‍ അടുക്കുന്നത്. ഐഎസില്‍ ആകൃഷ്ടനായ ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കശ്മീരിലേക്കു എത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തെലങ്കാനയില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് ഹക്കുര മേഖലയില്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പുലര്‍ച്ചെയോടെ തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നിന്നും AF 47 തോക്കുകള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ എന്നിവയും കണ്ടെടുത്തിരുന്നു.