ന്യൂഡല്‍ഹി: അമിത് ഷായുടെ മകന് ജയ്ഷായുടെ കേസില്‍ മാധ്യമങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വസ്തുതകള്‍ പരിശോധിക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് കോടതി വിലയിരുത്തി. ചില ദൃശ്യമാധ്യമങ്ങള്‍ പോപ്പിനെ പോലെയാണ് പെരുമാറുന്നത്. വസ്തുതകള്‍ പരിശോധിക്കാത ഭാവനയില്‍ തോന്നുന്ന കാര്യങ്ങള്‍ നല്‍കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് കോടതി എതിരല്ലെന്നും മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.
അമിത് ഷായുടെ മകന് എതിരായ വാര്‍ത്ത നല്കിയ ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അടുത്ത തവണ കേസ് പരിഗണിക്കുന്ന ഏപ്രില്‍ 12 വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്നും സുപ്രീംകോടതി, ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയ്ക്ക് നിര്‍ദേശം നല്കി.