ന്യൂഡല്‍ഹി: എഐസിസിയുടെ 84ാമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും.
സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിലാണ് തിരഞ്ഞെടുക്കുന്നത്. പകുതി അംഗങ്ങളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും. സബ്ജറ്റ് കമ്മറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംങ് കമ്മിറ്റി യോഗം ഇന്ന് ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ അംഗീകരിക്കേണ്ടത്. സാമ്പത്തിക നയപ്രമേയം, രാഷ്ട്രീയ പ്രമേയം, അന്തര്‍ദേശിയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാര്‍ഷിക തൊഴില്‍ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക.