ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടപ്പാലം തകര്‍ന്നു വീണ് നാല് പേര് കൊല്ലപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരുന്ന പാലമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
താഴെയുള്ള റോഡില്‍ വാഹനങ്ങള്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട സമയത്താണ് പാലം തകര്‍ന്നുവീണതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതാണു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരില്‍ ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പേര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരാള്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്.
വ്യാഴാഴ്ച ഒന്നരയോടെയായിരുന്നു സംഭവം. യൂണിവേഴ്സിറ്റി ക്യാമ്പസിനെ സ്വീറ്റ് വാട്ടര്‍ സിറ്റി എന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. തിരക്കേറിയ റോഡില്‍ എളുപ്പത്തില്‍ എതിര്‍വശത്ത് എത്തുന്നതിനു വേണ്ടിയായിരുന്നു പാലം നിര്‍മിച്ചത്. പാലം തകരാനുള്ളതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഫയര്‍ റെസ്ക്യൂ ഡിവിഷന് ചീഫ് പോള്‍ എസ്റ്റോപിയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എട്ടോളം വാഹനങ്ങളാണ് തകര്‍ന്ന പാലത്തിനടിയില്‍ കുടുങ്ങി കിടന്നിരുന്നത്.
പാലം തകര്‍ന്ന സമയത്ത് നിരവധി തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.