ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കിയില്ലെന്നാരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചതിനു പിന്നാലെയാണ് ടിഡിപി, എന്‍.ഡി.എ. സഖ്യത്തിനു നല്കിയ പിന്തുണ പിന്‍വലിക്കുന്നത്.
ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്കുന്നതില് സാങ്കേതിക പ്രശ്നങ്ങള്‍ അറിയിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അനുനയത്തിന് ടിഡിപി തയ്യാറായിരുന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പര്‍വത മേഖലയിലെ സംസ്ഥാനങ്ങള്‍ക്കും മാത്രമാണു പ്രത്യേക സംസ്ഥാനപദവിയുള്ളത്. മറ്റുള്ളവയ്ക്കു പ്രത്യേക സംസ്ഥാനപദവി വേണ്ടെന്നു ധനകാര്യ കമ്മിഷന് ശുപാര്‍ശയിലുണ്ട്.
ആന്ധ്രപ്രദേശ് വിഭജിച്ച സമയത്ത് മുന്‍ യുപിഎ സര്‍ക്കാരാണു ഇവര്‍ക്ക് പ്രത്യേക സംസ്ഥാനപദവി വാഗ്ദാനം ചെയ്തിരുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളും പാര്‍ട്ടിയുടെ കടുത്ത തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്റില്‍ എതിരാളികളായ വൈ.എസ്.ആര്. കോണ്‍ഗ്രസ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തെലുങ്കുദേശത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. പ്രത്യേക പദവി നല്കിയില്ലെന്നാരോപിച്ചാണ് അവിശ്വാസം കൊണ്ടു വരുന്നത്.