സത്യമപ്രിയം

നന്ദിഗ്രാം ആവര്‍ത്തിക്കുന്നു; പിണറായിയെ പിഴുതെറിയാന്‍

സത്യമപ്രിയം ജി.കെ. സുരേഷ് ബാബു

നന്ദിഗ്രാമില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സി.പി.എം. സര്‍ക്കാര്‍ മുപ്പതിലേറെ കര്‍ഷകരെ വെടിവെച്ചു കൊന്നതിന്റെ പതിനൊന്നാം വാര്‍ഷികമായിരുന്നു ബുധനാഴ്ച. അന്നുതന്നെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് സമരം നടത്തിയിരുന്ന വയല്‍ക്കിളികള്‍ എന്ന പേരിലുള്ള സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയും സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളും ഒരേ സ്വഭാവമുള്ളതാണ്. നന്ദിഗ്രാമില്‍ വ്യവസായത്തിനെന്ന പേരില്‍ വയലുകള്‍ ഏറ്റെടുക്കാന്‍ നടത്തിയ ശ്രമത്തെ ചെറുക്കാന്‍ പാവപ്പെട്ട കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തെയാണ് സി.പി.എം സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊന്നത്. അതിന് തിരച്ചടിയുമുണ്ടായി. 35 വര്‍ഷത്തോളം ഉണ്ടും ഉറങ്ങിയും ഭരണത്തില്‍ കഴിഞ്ഞിരുന്ന സുഖാലസ്യത്തില്‍ നിന്ന് തെരുവിലേക്ക് സി.പി.എം വലിച്ചെറിയപ്പെട്ടു.

ഇന്ന് കേരളം ഏതാണ്ട് അതേവഴിയിലൂടെ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ബുദ്ധദേവ് ദാസ് ഗുപ്തയ്ക്കു പകരം അദ്ദേഹത്തേക്കാള്‍ അഹങ്കാരിയും ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപവുമായ പിണറായി വിജയന്‍ അധികാരത്തിന്റെ എല്ലാവിധ സുഖഭോഗങ്ങളും തേടി മുന്നോട്ടു പോകുമ്പോള്‍ നന്ദിഗ്രാമിന്റെ ചരിത്രം കീഴാറ്റൂരില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ദേശീയപാതയില്‍ കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള ബൈപ്പാസിന് കീഴാറ്റൂര്‍ വയലില്‍ മണ്ണിട്ട് നികത്താനുള്ള നീക്കത്തിനെതിരെയാണ് വയല്‍ക്കര പ്രദേശത്തുളളവര്‍ സമരം തുടങ്ങിയത്. ബുധനാഴ്ച സര്‍വ്വേ നടപടികള്‍ക്കുവേണ്ടി അധികൃതര്‍ എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമരക്കാര്‍ മണ്ണെണ്ണക്കുപ്പികളുമായി ആത്മഹത്യാഭീഷണി മുഴക്കി സമരരംഗത്ത് എത്തിയത്. ഈ സമരക്കാരെയാണ് ഉച്ചയോടെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. അതേസമയത്തു തന്നെ സമരപ്പന്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചു. കീഴാറ്റൂരിലെ വയലിനു നടുവിലൂടെ റോഡിന്റെ നിര്‍മ്മാണം നടത്താനുള്ള ശ്രമത്തിനെതിരെയാണ് നാട്ടുകാര്‍ സമരത്തിന് ഇറങ്ങിയത്. വയലിനെ രണ്ടായി പിളര്‍ക്കുന്ന രീതിയില്‍ ഒന്നര കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയാണ് കീഴാറ്റൂര്‍ പാടശേഖരത്തില്‍ ആസൂത്രണം ചെയ്തത്.

ബൈപ്പാസിനെതിരെ സമരം ചെയ്യരുതെന്ന് സി.പി.എം ഔദ്യോഗികമായി നിര്‍ദ്ദേശിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സമരക്കാര്‍ വഴങ്ങിയില്ല. പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന 68 വയസ്സുള്ള നമ്പ്രാടത്ത് ജാനകിയുടെ നേതൃത്വത്തിലാണ് വയല്‍ക്കിളികള്‍ സമരം നടത്തുന്നത്. ദേശീയപാതാ വിഭാഗം ഒന്നുരണ്ട് അലൈന്‍മെന്റുകള്‍ കൂടി വേറെ കൊണ്ടുവന്നെങ്കിലും അതും സമരക്കാര്‍ അംഗീകരിച്ചില്ല. അലൈന്‍മെന്റ് വഴിമാറ്റി പാടശേഖരത്തിലൂടെ തിരിച്ചുവിടാനുള്ള ശ്രമമാണ് ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചത്. മുന്നൂറ് ഏക്കര്‍ പാടമാണ് കീഴാറ്റൂരിലുള്ളത്. ഈ പാടത്തില്‍ ഏറെയും തരിശാണെന്ന വാദമാണ് സി.പി.എമ്മും സര്‍ക്കാരും ഉയര്‍ത്തുന്നത്. രണ്ട് ആരാധനാലയങ്ങളെയും റോഡിലെ പുതിയ അലൈന്‍മെന്റ് ബാധിക്കും. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തി സമരപ്പന്തല്‍ കത്തിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട പോലീസ് വെറുതെ കാഴ്ച്ക്കാരായി കണ്ടുനില്‍ക്കുകയായിരുന്നു. സമരക്കാരെ നേരിടാനും സമരപ്പന്തല്‍ കത്തിക്കാനും സി.പി.എമ്മുകാര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്.

ഐക്യകേരളം രൂപീകരിക്കുമ്പോള്‍ കേരളത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ 67 ശതമാനത്തോളം കേരളത്തില്‍ ഉല്പാദിപ്പിച്ചിരുന്നു. കൃഷി ആദായകരമല്ലാതാവുകയും പാടശേഖരങ്ങള്‍ നികത്തപ്പെടുകയും ചെയ്തപ്പോള്‍ ഇന്ന് കേരളത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ വെറും 28 ശതമാനം മാത്രമേ കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുളളൂ. ആന്ധ്ര, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അരി വന്നില്ലെങ്കില്‍ മലയാളിക്ക് അന്നം മുട്ടും. പണ്ട് ലോറി സമരവും തീവണ്ടിയുടെ വാഗണ്‍ പ്രശ്‌നവും വന്നപ്പോള്‍ കേരളം അരിക്ഷാമം അനുഭവിച്ചതാണ്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ കമ്യൂണിസ്റ്റുപാര്‍ട്ടി മാത്രമാണ്. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ എല്ലാ കാലത്തും കുറഞ്ഞത് 50 വര്‍ഷം വേണ്ടിവരും. ചരിത്രപരമായ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് കുമ്പസാരം നടത്തി കൈ കഴുകി അടപടലെ നയം മാറ്റുന്ന പ്രസ്ഥാനത്തിന് ആദര്‍ശത്തെക്കാള്‍ താല്പര്യം അവസരവാദത്തോടാണ്. കേരളത്തില്‍ ഇനി ഇത്തിരി പാടമേയുള്ളൂ. കാവും കുളവും അന്യമായി കഴിഞ്ഞിരിക്കുന്നു. എല്ലാതരത്തിലുമുള്ള ഭക്ഷ്യോല്പന്നങ്ങള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പരാന്നഭോജികളായി മലയാളി മാറിയിരിക്കുന്നു. ഇതിന് ആക്കം കൂട്ടുന്ന പ്രവൃത്തികളാണ് സി.പി.എം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.

പാര്‍ട്ടിഗ്രാമത്തില്‍, സ്വന്തം പാര്‍ട്ടിക്കാരും അനുഭാവികളും നടത്തുന്ന സമരത്തോട് മണ്ണിനും പുഴയ്ക്കും വേണ്ടി നിലകൊള്ളുമെന്നും പോരാടുമെന്നും പറഞ്ഞ സി.പി.എം ഈ രീതിയില്‍ പ്രതികരിക്കുമ്പോള്‍ ‘ഇടതു മുന്നണി വരും എല്ലാം ശരിയാകു’മെന്ന് പറഞ്ഞ മുതിര്‍ന്ന സിനിമാ നടിയെ തേടി പാര്‍ട്ടിക്കാരായ അമ്മമാര്‍ തന്നെ ചൂലുമായി കാത്തിരിക്കുന്നത് കേരളത്തിന്റെ പുതിയ ചിത്രമാണ്. ഇത് തോമസ് ഐസക്കിന് മനസ്സിലായിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ ന്യായീകരണ തൊഴിലാളിയായി രംഗത്തില്ല. മനസ്സിലാകാത്തവര്‍ വേറെ ചിലരാണ്. എം.വി. ജയരാജന്‍, പി. ജയരാജന്‍ തുടങ്ങിയവരും എം.എം. മണിയും. ഇവര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുമ്പോള്‍ പഴയ ചൗഷസ്‌ക്യൂവിന്റെയും സ്റ്റാലിന്റെയും ഒക്കെ പ്രേതം ബാധിച്ച പിണറായി വിജയനോട് സത്യം തുറന്നുപറയാന്‍ പോലും വിനീതവിധേയരായ ദാസന്മാര്‍ക്ക് കഴിയുന്നില്ല.

യു.പിയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ അമിതമായി ആഹ്ലാദിച്ച് ഫേസ്ബുക്ക് പോസ്റ്റിടുന്ന പിണറായി വിജയന്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ചോരുന്നത് കാണുന്നില്ല, അറിയുന്നില്ല. വയല്‍ക്കിളികള്‍ക്കു പിന്നാലെ സാധാരണകര്‍ഷകര്‍ നടത്തുന്ന സമരം കേരളത്തിന്റെ മറ്റു പലഭാഗത്തും തുടങ്ങിക്കഴിഞ്ഞു. സി.പി.എം നടത്തുന്ന അതിക്രമവും കൊള്ളയും ജനങ്ങള്‍ കാണുന്നു, അറിയുന്നു. ജനകീയനായ മണിക് സര്‍ക്കാരിനു പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത് അതിശക്തമായ ജനമുന്നേറ്റം കേരളത്തില്‍ ഉയരുകയാണ്. അത് പിണറായിയുടെ ഭരണത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ കൂടി മരണമണിയാണ്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close