കുറവിലങ്ങാട് : എം സി റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിയിടിച്ച് രണ്ട് പേർ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മിനി ലോറിയിൽ യാത്ര ചെയ്തിരുന്ന തിരുനെൽവേലി ശങ്കരൻകോവിൽ പാണ്ടിത്തേവരുടെ മകൻ മുത്തയ്യ (50),ഡിണ്ടിഗൽ ശ്രീരാംപുരം സൗത്ത് തോട്ടത്തിൽ ദിനേശ് കുമാർ (26) എന്നിവരാണ് മരിച്ചത്.
ലോറി ഡ്രൈവർ ഡിണ്ടിഗൽ സൗത്ത്പുരം ഗുരുസ്വാമിയുടെ മകൻ സെന്തിൽ മുരുകനെ (38) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടരയോടെ കുറവിലങ്ങാട് കോഴാ ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം.
കോട്ടയത്തു നിന്നും തൃശൂരിലേക്ക് ആക്രി സാധനങ്ങൾ സാധനങ്ങൾ കയറ്റിവന്ന ലോറി കോഴാ ബ്ലോക്ക് ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാബിനുള്ളിൽ കുടുങ്ങി പോയ മൂവരെയും നാട്ടുകാരും,ഹൈവേ പൊലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.