ചെങ്ങന്നൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ, ജനം ടി വി എന്നിവർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ബിജെപി സംസ്ഥാന മീഡിയാ കോഡിനേറ്റർ ആർ സന്ദീപ് ചെങ്ങന്നൂർ ഡിവൈഎസ് പിക്ക് പരാതി നൽകി.
സൗമ്യവധക്കേസിൽ ജയിലിൽ കഴിയുന്ന ക്രിമിനൽ ഗോവിന്ദച്ചാമിയുടെ മോചനത്തിന് ബിജെപി ഇടപെടുന്നു എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തതായി പ്രചരിപ്പിച്ച ജോസ് സാമുവേൽ , രതീഷ് എ തലോറ, മലയാളി ഹൗസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂർ കേന്ദ്രീകരിച്ചാണ് ഈ വാർത്ത കൂടുതലായി പ്രചരിപ്പിക്കുന്നത്. ഇത് ബിജെപി നേതാക്കളെ അവഹേളിക്കാനും സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്. മാത്രവുമല്ല ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും അവഹേളിക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്നതുമാണെന്നും സന്ദീപ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.