കണ്ണൂർ: നന്നാക്കി ഒന്നാക്കുക എന്നതാണ് ഭാരതീയ ദർശനം എന്നാൽ അത് പലതാക്കി നശിപ്പിക്കുക എന്ന രീതിയിലാണ് ചിലരുടെ പ്രവർത്തനമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. വർഷ പ്രതിപദ മഹോത്സവത്തോടനുബന്ധിച്ചുള്ള സാഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതയെ എതിർക്കുന്ന ചിലർ ഭാരതത്തെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന് തടസം നിൽക്കുന്ന ദേശീയ പ്രസ്ഥാനമായ ആർ.എസ്.എസിനെ ഒറ്റക്ക് എതിർക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഭാരതത്തെ വെട്ടിപ്പിളർത്താൻ ശ്രമിക്കുന്ന സംഘങ്ങളെല്ലാം ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് ജെ.നന്ദകുമാർ പറഞ്ഞു. എന്നാൽ സംഘത്തെ തകർക്കാനുള്ള ഇവരുടെ ശ്രമങ്ങളൊന്നും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ ഗണവേഷധാരികളായ ആയിരത്തോളം സ്വയംസേവകർ വർഷ പ്രതിപദ ദിനത്തിലെ പദസഞ്ചലനത്തിൽ അണിനിരന്നു. ആർ.എസ്.എസ് സഹപ്രാന്തസംഘചാലക് കെ.കെ.ബലറാം, പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരി, വിഭാഗ് സംഘചാലക് ചന്ദ്രശേഖരൻ, രാജ്യസഭാ എം.പി വി.മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.