മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിനെതിരെ പ്രതിഷേധവുമായി മതമൗലികവാദ സംഘടനകള്‍. പിഡിപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളാണ് സര്‍വ്വെ നടപടികള്‍ തടസപ്പെടുത്തുന്നത്. എന്നാല്‍ ശക്തമായ പൊലീസ് സന്നാഹവുമായി സര്‍വ്വെ പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറത്ത് സര്‍വ്വെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സര്‍വ്വെ തുടങ്ങിയപ്പോള്‍ മുതല്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എസ്ഡിപിഐ, പിഡിപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക വാദ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ഭൂമിയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, 30 മീറ്ററില്‍ സര്‍വ്വെ നടപടികള്‍ നിജപ്പെടുത്തുക തുടങ്ങിയതായിരുന്നു ആവശ്യം.
അതേസമയം, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠനും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. ദേശീയപാത നാല്‍പ്പത്തിയഞ്ച് മീറ്ററാക്കി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ നടപടികള്‍. സര്‍വ്വെ നടക്കുന്ന കുറ്റിപ്പുറത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തതോടെ സമരക്കാര്‍ക്ക് അതിക്രമിച്ചു കടക്കാനായില്ല. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്.