തിരുവനന്തപുരം : ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകമായ ‘ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍’ (Dark Days of Democracy) നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ ഡല്‍ഹി ബിഷപ്പ് റൈറ്റ് റവറന്റ് ഗ്രിഗോറിയസ് സ്റ്റെഫാനോസ് എപ്പിസ്കോപ്പയ്ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്കി കൊണ്ടാണ് പ്രധാനമന്ത്രി പ്രകാശനകര്‍മ്മം നിര്‍വഹിക്കുക.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ന്യൂനപക്ഷ കമ്മീഷന് മുന്‍ ഉപാദ്ധ്യക്ഷന്‍ ജോണ്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
അടിയന്തരാവസ്ഥയുടെ പൊതുചരിത്രവും, അതിനെതിരെ കേരളത്തില്‍ നടന്ന സമരത്തെക്കുറിച്ചുള്ള വിവരണവും അടങ്ങുന്നതാണ് പുസ്തകം. അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ലോക് സംഘര്‍ഷ സമിതിയുടെ യുവജനവിഭാഗത്തിന്റെ കേരള സംസ്ഥാന കണ്‍വീനര്‍ ആയിരുന്നു ഗ്രന്ഥകാരന്.
സംസ്ഥാനത്തെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം, അതില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരണങ്ങള്‍, അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ എന്നിവ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. മാര്‍ത്തോമാ സഭയുടെ പിതാക്കള്‍ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. കത്ത് പിന്‍വലിക്കാന്‍ ശക്തമായ രാഷ്ട്രീയവും, ഭരണപരവുമായ സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടും അവര്‍ അതിന് കൂട്ടാക്കിയില്ല.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്റെ നാല്പത്തിയൊന്നാം വാര്‍ഷികമാണ് മാര്‍ച്ച് 21.