ന്യൂഡല്‍ഹി: 2018-19 വര്‍ഷത്തെ പൊതു ബജറ്റില്‍ പ്രഖ്യാപിച്ച ആയൂഷ്മാന്‍ ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ബജറ്റില്‍ ഏറ്റവും ശ്രദ്ധ നേടിയ പദ്ധതിയായിരുന്നു ആയൂഷ്മാന്‍ ഭാരത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിയ്ക്കും. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ വൈകാതെ തന്നെ ആയൂഷ്മാന്‍ ഭാരത് പദ്ധതി പ്രാവര്‍ത്തികമാകും. നീതി ആയോഗും കേന്ദ്ര ആരോഗ്യമന്ത്രാലയവും സംയുക്തമായാകും പദ്ധതി നടപ്പിലാക്കുക.
രാജ്യത്തെ 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുക. ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനത്തിനായാണ് ബജറ്റില്‍ ആയൂഷ്മാന്‍ പദ്ധതി അവതരിപ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും.
പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയാണ്. ആരോഗ്യ പദ്ധതിയില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആരും പുറന്തള്ളപ്പെടാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.