കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഹര്‍ജിയില്‍ അവധിക്ക് ശേഷം ഡിവിഷന് ബഞ്ച് വിശദമായ വാദം കേള്‍ക്കും.
ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ പരിഗണിക്കുന്ന കാര്യത്തില്‍ ഡിവിഷന് ബഞ്ചിന് മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന് ബഞ്ചിന് അധികാരമില്ല എന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം തള്ളിയാണ് അപ്പീല്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചത്.
മദ്രാസ് പ്രൊവിന്‍സ് സംബന്ധിച്ച നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമാണ് മട്ടന്നൂര്‍ എന്നതിനാല്‍ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും, സുപ്രിം കോടതിയ്ക്ക് മാത്രമേ നിയമപരമായി അതിന് കഴിയൂ എന്നുമായിരുന്നു വാദി ഭാഗം അഭിഭാഷകന്റെ വാദം.
എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നതല്ല എന്നും മലബാര്‍ മേഖലയും ഡിവിഷന് ബെഞ്ചിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് നിലപാട് എടുത്തു. ഇത് ശരിവച്ച ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബഞ്ച് അപ്പീല്‍ നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. ഹൈക്കോടതി നിയമം അനുസരിച്ച് അപ്പീല്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റ അപ്പീലില്‍ വേനല്‍ അവധിക്ക് ശേഷം ഡിവിഷന് ബഞ്ച് വിശദമായ വാദം കേള്‍ക്കും. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അമരേന്ദര്‍ ശരണ്‍ ആണ് ഹാജരായത്.