കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ തെറ്റ് ഏറ്റുപറയാമെന്ന് സമ്മതിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ കുറ്റസമ്മതം നടത്തും. ഭൂമി ഇടരാടിലെ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന കെസിബിസി മധ്യസ്ഥ യോഗത്തിലാണ് കര്‍ദ്ദിനാള്‍ തീരുമാനം വ്യക്തമാക്കിയത്.
ഭൂമി ഇടപാടില്‍ തെറ്റ് ഏറ്റ് പറയാമെന്നും സഭക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്നുമെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കെസിബിസിയുടെ അനുരഞ്ജന യോഗത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്. നാളെ നടക്കുന്ന വൈദിക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള കുറ്റ സമ്മതം നടത്തും. ഭൂമി ഇടപാടില്‍ സഭക്ക് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാള്‍ ആദ്യം പറഞ്ഞിരുന്നത്. സാങ്കേതിക പിഴവ് മാത്രമേ വിഷയത്തില്‍ ഉണ്ടായിട്ടുള്ളുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭൂമി ഇടപാടില്‍ സഭക്കുണ്ടായ സാമ്പത്തിക നഷ്ടമടക്കം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ രാജിവക്കണമെന്ന ആവശ്യം വൈദികസമിതി ഉന്നയിച്ചിരുന്നു. കര്‍ദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സഭ ആസ്ഥാനത്ത് യോഗവും ചേര്‍ന്നിരുന്നു.
പൊലീസ് അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിച്ചുവെങ്കിലും വൈദിക സമിതി കര്‍ദ്ദിനാളിന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ മുന്‍ നിലപാട് തിരുത്താന്‍ തയ്യാറാകുന്നത്.