അബുദാബി: കുട്ടികള്‍ക്കായുള്ള കളിക്കോപ്പില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ബ്രാന്‍ഡുകള്‍ യു.എ.ഇ വിപണിയില്‍ നിരോധിച്ചു. സോ സ്ക്വിഷി സ്ലിം, മാജിക് ക്രിസ്റ്റല്‍ മഡ്, ഗ്ലിറ്റര്‍ സ്ലിം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് വിലക്ക്. ചെറിയ ശില്പങ്ങളും മറ്റുമുണ്ടാക്കനായി ഉപയോഗിക്കുന്ന പല നിറങ്ങളിലുള്ള ജെല്ലി പോലുള്ളതാണിവ.
കളിമണ്‍ ശില്പനിര്മ്മാണത്തോട് സമാനമായ രീതിയിലാണ് ഇവയുടെ ഉപയോഗം. പശിമയുള്ള ഇത് കുട്ടികള്‍ക്ക് പലതരത്തിലുള്ള രൂപങ്ങളുണ്ടാക്കാനും മറ്റും ഉപകരിക്കുന്നതാണ്. ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ മൃദുലമായ ചര്‍മ്മത്തില്‍ എളുപ്പം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ ഇതിന് കഴിയും. കുട്ടികളുടെ കൈകളില്‍ പൊള്ളലുണ്ടാക്കാനും രുചിച്ച് നോക്കുന്നതിലൂടെ മറ്റ് അസ്വസ്ഥതകളുണ്ടാവാനും ഇവയിലെ ബോറിക് ആസിഡിന്റെ സാന്നിദ്ധ്യം കാരണമാവും.