മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്ന രോഗങ്ങളിലൊന്നാണ് ക്ഷയരോഗം. ലോകത്താകെയുള്ള ക്ഷയരോഗികളിൽ 27 ശതമാനം പേർ ഭാരതത്തിലാണെന്നതാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. ഈ പശ്ചാത്തലത്തിൽ 2025 ഓടെ ഭാരതത്തെ സമ്പൂർണ ക്ഷയരോഗ വിമുക്ത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പിലാക്കിവരുന്ന പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതികളുടെ വിശദാംശങ്ങളാണ് ഇക്കുറി ജനക്ഷേമത്തിൽ.
സമ്പൂർണ്ണ സൗജന്യ ക്ഷയരോഗ ചികിത്സയാണ് റിവൈസ്ഡ് നാഷണൽ ടിബി കൺട്രോൾ പ്രോഗ്രാം അഥവാ RNTCP യിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിപ്രകാരം രോഗ നിർണയത്തിനായി അത്യാധുനിക സംവിധാനങ്ങളാണ് രാജ്യവ്യാപകമായി സജ്ജമാക്കിയിരിക്കുന്നത് .ക്ഷയരോഗം കണ്ടെത്തി സ്ഥിരീകരിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് രോഗചികിത്സയും, ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രകാരം 99 ഡോട്സ് എന്ന നൂതന മരുന്ന് വിതരണ നിരീക്ഷണ സംവിധാനം ഭാരതമൊട്ടാകെ വിജയകരമായി നടപ്പിലാക്കി വരുന്നു.
ക്ഷയരോഗം യഥാസമയം കണ്ടെത്തി കൃത്യമായി മരുന്ന് കഴിക്കുകയാണെങ്കിൽ പൂർണമായും സുഖപ്പെടുത്തുവാൻ കഴിയും. അതുവഴി രോഗം പകരാനുള്ള സാധ്യതയും തടയാനാകുന്നു.പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി വിജയത്തിലെത്തിക്കുവാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം നാമോരോരുത്തരും കൈകോർത്താൽ 2025 ഓടെ ഭാരതത്തിൽനിന്നും ക്ഷയരോഗത്തെ എന്നെന്നേക്കുമായി തുടച്ചുനീക്കാനാകും. ഇതിലൂടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വികസിത രാഷ്ട്രങ്ങൾക്കൊപ്പം നമുക്കും തല ഉയർത്തി നിൽക്കുവാൻ കഴിയും.