Gulf

സൗദിയിൽ സിനിമാ ആരവങ്ങൾക്ക് കൊടിയേറുന്നു; ബ്ലാക്ക് പാന്തർ ആദ്യ ചിത്രം

റിയാദ്: മൂന്ന് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം സൗദി അറേബ്യയിൽ ഈ മാസം 18 മുതൽ സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ വർഷമാണ് തീയേറ്ററുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ബ്ലാക്ക് പാന്തറാണ് പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രം.

സിനിമയുടെയും വിനോദത്തിന്‍റെയും സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഊർജിത ശ്രമം നടത്തുന്ന സൗദി അറേബ്യയിൽ നിന്ന് പ്രതീക്ഷയുടെ വാർത്തയാണ് പുറത്ത് വരുന്നത്. പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷമാണ് സൗദി അറേബ്യയിൽ സിനിമാ ആരവങ്ങൾക്ക് വീണ്ടും കൊടിയേറുന്നത്. സൗദി ഭരണകൂടം ഏർപ്പെടുത്തിയ നിരോധനം പൂർണമായും നീങ്ങുന്നതോടെ സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും.

അമേരിക്കന്‍ തീയേറ്റർ കമ്പനിയായ എ.എം.സി എന്‍റ‍ർടെയിൻമെന്‍റിനാണ് സിനിമാ പ്രദർശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകൾ എ.എം.സി തുറക്കാനും പദ്ധതി ഇടുന്നുണ്ട്. ഈ മാസം 18-ന് ആദ്യ തീയേറ്റർ റിയാദിലെ അൽഅഖീഖിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഏരിയയിൽ തുറക്കുമെന്ന് സൗദി ഇന്‍ഫർമേഷന്‍ മന്ത്രാലയം ഇതിനകം അറിയിപ്പ് പുറത്തിറക്കിക്കഴിഞ്ഞു.

2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സ്ത്രീകൾക്കും പുരുഷൻമാരോടൊപ്പം സിനിമ കാണാൻ അവസരം നൽകുന്നതാണ് പുതിയ തീരുമാനം. പത്ത് ഡോളറിന് തുല്യമായ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം.

ജനസംഖ്യയിൽ എഴുപത് ശതമാനം യുവാക്കൾ ഉള്ളതും ഗൾഫിലെ ഏറ്റവും വിസ്തൃതവുമായ സൗദി അറേബ്യയിൽ പുതുതായി തുറന്നു കിട്ടിയ സിനിമാ രംഗത്തെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താൻ നിരവധി രാജ്യാന്തര കമ്പനികളും മത്സര രംഗത്തുണ്ട്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close