ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിംഗ് രാജ്യസഭയില്‍. നീരവിനെ കൈമാറാനായി ഹോങ്കോങ്ങിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
13,578 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ രണ്ട് അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം ബെല്‍ജിയം അധികൃതര്‍ മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ബെല്‍ജിയം സര്‍ക്കാര്‍ നീരവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. തട്ടിപ്പ് നടത്തിയ തുക നീരവ് വിദേശത്തുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കാന് സാധ്യതയുള്ളതായി ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.
തട്ടിപ്പ് കേസില്‍ ഇന്ത്യയിലെത്തണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ നീരവിന് കത്തയച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് വ്യക്തമാക്കിയിരുന്നു.