ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികളില്ലാത്ത നേതാവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. 2019 ലും ബിജെപി തരംഗം ആവർത്തിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം മോദിയെ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് വിവിധ ആശയങ്ങളുള്ള പാർട്ടികൾ ബിജെപിക്കെതിരെ ഒരുമിച്ച് മത്സരിക്കാൻ ആലോചിക്കുന്നത്. മോദിയെ തോൽപ്പിക്കാൻ കീരിയും പാമ്പും വരെ ഒരുമിച്ചു.
വെറും പത്ത് പേരെ വച്ച് തുടങ്ങിയ പാർട്ടിയാണ് ബിജെപി. ഇപ്പോൾ 11 കോടി അംഗങ്ങളാണ് പാർട്ടിക്കുള്ളത്.
ബിജെപിയുടെ സുവർണ കാലം ഇതല്ല. പശ്ചിമ ബംഗാളും ഒഡീഷയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ രൂപീകൃതമാകണം. എങ്കിൽ മാത്രമേ സുവർണകാലം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ബിജെപിയുടെ 38-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.