കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് കുവൈറ്റിലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന മേഖലയില്‍പ്പെട്ട തസ്തികകളിലെ ശരാശരി ശമ്പളം 7726 ദിനാറാണ്. ഇത് മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമ്പത് ശതമാനം കുറവാണ്.
ഗള്‍ഫ് മാഗസിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്ന തസ്തികളിലുള്ള ജീവനക്കാരുടെ വേതനം സംബന്ധിച്ച പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഹോട്ടല്‍ മേനേജ്മന്റ് മേഖലകളില്‍ ഉയര്‍ന്ന വേതനം കൈപറ്റുന്ന വിദേശികളില്‍ കുവൈത്തില്‍ നിന്നുള്ളവര്‍ക്കാണു മുന്‍തൂക്കം. 15,290 ഡോളറാണു ഈ വിഭാഗത്തില്‍ ഉയര്‍ന്ന തസ്തികയിലുള്ള വിദേശികളുടെ ശരാശരി ശമ്പളം.
കുവൈത്തിലെ ബഹുരാഷ്ട്ര കമ്പനികളിലെ സീഇഒമാര് 34,460 ഡോളര്‍ കൈപറ്റുമ്പോള്‍ പ്രാദേശിക കമ്പനികളിലെ സിഇഒമാരുടെ ശമ്പളം 24,675 ഡോളര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഗള്‍ഫ് രാജ്യം ഒമാനും തൊട്ടു പിന്നില്‍ ബഹ്റൈനുമാണെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കുവൈത്തില്‍നിന്നു വിദേശികള്‍ 2017ല്‍ അയച്ചത് 4.1 ബില്യന്‍ ദിനാറാണ്. 2016ല്‍ അയച്ച 4.56 ബില്യന്‍ ദിനാറിനെക്കാള്‍ 10% കുറവാണിത്. 2014ല്‍ അയച്ച 5.1 ബില്യന്‍ ദിനാറാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ കൂടിയ തുക.വിദേശികള്‍ അയയ്ക്കുന്ന തുക കുവൈത്തിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാണ് എന്നാണു മറ്റൊരു കണക്ക്. അവസാന രണ്ടുവര്‍ഷമായി വിദേശികള്‍ അയയ്ക്കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ട്. അവസാന വര്‍ഷം മൂന്നാം പാദത്തില്‍ 8.1% കുറവോടെ 940 ദശലക്ഷം ദിനാറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2012നുശേഷം ഇത്തരമൊരു കുറവ് ആദ്യമായാണ്.