ദുബായ്: അടുത്ത മാസം മുതല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ യാത്ര നടത്താം. സ്മാര്‍ട്ട് ടണല്‍ എന്ന നൂതന എമിഗ്രഷന് യാത്ര സംവിധാനം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഈ സംവിധാനം മെയ് അവസാനത്തോടെ ദുബായ് എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. സ്മാര്‍ട്ട് ടണല്‍ ദുബായ് ഇന്റര്‍നാഷണല്‍ ഗവണ്മെന്റ് അച്ചിവ്മെന്റ് എക്സിബിഷനില്‍ അവതരിപ്പിച്ചു.
സാധാരണയുള്ള എമിഗ്രേഷന്‍ പരിശോധനക്ക് പകരം വിമാനത്താവളത്തിലെ സ്മാര്‍ട്ട് തുരങ്കത്തിലുടെ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിക്കുക. ലോകത്ത് ആദ്യമായാണ് ഒരു എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ മറി കൂട്ടിച്ചേര്‍ത്തു. വെറും പത്ത് സെക്കന്റാണ് ഈ യാത്ര നടപടികള്‍ക്ക് എടുക്കുന്ന സമയം.
ഐറീസ് റെക്കഗനിഷന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ് ഈ സ്മാര്‍ട്ട് തുരങ്കത്തില്‍ ഉണ്ടാകുക. ഈ സ്മാര്‍ട്ട് പാതയിലൂടെ നടന്നാല്‍ അവരെ സ്മാര്‍ട്ട് ടണല്‍ തിരിച്ചറിഞ്ഞ്, ആളുകളെ ഉറപ്പു വരുത്തുകയും ചെയ്യും. ദുബായ് എമിഗ്രേഷനും എമിറേറ്റ്സ് എയര്‍ലൈന്‍സും പരസ്പരം സഹകരിച്ചു കൊണ്ടാണ് ഇത് നടപ്പിലാക്കുക.