കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മെയ് എട്ടു വരെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെക്ക് എതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറ് ശ്രീലങ്കന്‍ മന്ത്രിമാര്‍ രാജി വച്ചതിനു പിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഈ നടപടി.
ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലെ മന്ത്രിമാരാണ് രാജിവച്ചത്. പ്രസിഡന്റ് സിരിസേനയാണ് ഈ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. രാജിവച്ച ആറു പേര്‍ക്കു പുറമെ ഫ്രീഡം പാര്‍ട്ടിയിലെ മറ്റ് ചില മന്ത്രിമാരും അവിശ്വാസം പിന്തുണച്ചിരുന്നു. സിരിസേനയുടെ പാര്‍ട്ടിയും വിക്രമസിങ്കെയുടെ യുഎന്‍പിയും സംയുക്തമായാണ് ശ്രീലങ്കയില്‍ ഭരണം നടത്തുന്നത്.
ശ്രീലങ്കയില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായതിനെ തുടര്‍ന്ന് വിക്രമസിങ്കെ രാജിവക്കണമെന്ന് സിരിസേന ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ഇത് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം അനുകൂലിച്ച് വോട്ടു ചെയ്യാന്‍ സിരിസേന പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവിശ്വാസത്തെ വിക്രമസിങ്കെ മറികടന്നത് സിരിസേനക്ക് തിരിച്ചടി ആയിരുന്നു.
ഇതിനിടെ വിക്രമസിങ്കെയുടെ അധികാര പരിധിയിലും പ്രസിഡന്റ് കുറവു വരുത്തിയിരുന്നു. കൈകാര്യം ചെയ്തിരുന്ന പല വകുപ്പുകളും അദ്ദേഹത്തില്‍ നിന്ന് തിരികെ എടുത്തിരുന്നു. ഇത് ഇരു നേതാക്കള്‍ക്കുമിടയില്‍ രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടാക്കിയിരുന്നു.
എന്നാല്‍ പാര്‍ലമെന്റ് സസ്പെന്റ് ചെയ്യാനുള്ള കാരണം സിരിസേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.