ന്യൂഡല്‍ഹി ; പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഡല്‍ഹി വനിത കമ്മീഷന് വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
നിലവില്‍ പോക്സോ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്.പീഡനത്തിനിരയാകുന്ന സ്ത്രീ മരിച്ചാലോ,ജീവച്ഛവമായാലോ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ഭേദഗതി 2012 ഡിസംബറില്‍ നിര്‍ഭയ കേസ് വന്ന ശേഷമാണ് ഓര്‍ഡിനന്‍സ് വഴി നിലവില്‍ വന്നത്.ഇത് പിന്നീട് ക്രിമിനല്‍ നിയമ ഭേദഗതിച്ചട്ടമായി.
പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്പര്യഹര്ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്.
12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനകാഗാന്ധി പ്രഖ്യാപിച്ചിരുന്നു.