ന്യൂഡല്‍ഹി: വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങിനിടെ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നോക്കി ആക്രോശ പ്രകടനം നടത്തിയ പാക് ക്രിക്കറ്റര്‍ ഹസന് അലിയുടെ ചെയ്തി വിവാദമാകുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ ശക്തിപ്രകടനം നടത്തുന്നതിനിടെ ആയിരുന്നു ഹസന് അലിയുടെ ഈ പ്രവര്‍ത്തി.
പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ ഭാഗത്തു നിന്നും ബിഎസ്എഫ് ജവാന്മാരും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും റെയ്ഞ്ചേഴ്സുമാണ് ഇതില്‍ പങ്കെടുക്കേണ്ടത്. പരിപാടി കാണാന്‍ എത്തിയ ഹസന് അലി അല്പ സമയത്തിനു ശേഷം അവിടെ നിന്നെഴുന്നേറ്റ് ശക്തിപ്രകടനം നടത്തുന്ന സ്ഥലത്തെത്തുകയും, പാക് സൈനികനെ അനുകരിക്കുകയുമായിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നോക്കിയായിരുന്നു ഇത്. കൈകള്‍ ഇരു വശത്തേക്കും ഉയര്‍ത്തുന്നതും മുഷ്ടി ചുരുട്ടി തുടയില്‍ ഇടിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. പാകിസ്ഥാന്റെ ഭാഗത്തെ കാണികളില്‍ നിന്നും ഇതിനു വലിയ പ്രോത്സാഹനവും ലഭിച്ചു. പിന്നീട് ഒരു പാക് ഉദ്യോഗസ്ഥനെത്തി ഹസനെ വേദിയിലേക്ക് തിരികെ കൊണ്ടു പോവുകയായിരുന്നു.
40 സെക്കന്റോളം ഈ ചെയ്തി നീണ്ടു നിന്നു. എന്നാല്‍ സൈനികര്‍ക്കു മാത്രം ചെയ്യാന്‍ അധികാരമുള്ള ഇത്തരം പ്രവര്‍ത്തി ഒരു വ്യക്തിയില്‍ ഉണ്ടായിട്ടും പാക് ഭാഗത്തു നിന്നും ഒരാള്‍ പോലും ഇതിനെ തടഞ്ഞില്ല.
ഇത്തരമൊരു പ്രവര്‍ത്തി ചടങ്ങിന്റെ മഹത്വത്തെ ഇല്ലാതാക്കിയെന്നും, പാക്കിസ്ഥാനോട് ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുകുള്‍ ഗോവല്‍ പറഞ്ഞു. ആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ട്, ഇതിനായി ഒരു പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പരേഡ് നടക്കുന്നതിനിടയില്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് മാദ്ധ്യമങ്ങളും ക്രിക്കറ്റ് താരങ്ങളും ഹസന്റെ പ്രവര്‍ത്തിക്ക് വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. കാണികള്‍ക്ക് ആവേശം നല്കുന്ന പ്രകടനമാണ് ഹസന് നടത്തിയതെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
Hasan Ali being Hasan Ali during the flag-lowering ceremony at the Wagah border pic.twitter.com/sQuiwthVLb
— ESPNcricinfo (@ESPNcricinfo) April 21, 2018