കാഞ്ഞങ്ങാട് ; അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ബാലിക ദിശമാറിയെത്തിയ കാറിടിച്ചു മരിച്ചു. അമ്പലത്തറ സ്നേഹാലയത്തിനു സമീപം ലിജോയുടെ മകൾ എലിസബത്ത്(10) ആണു മരിച്ചത്.
ലിജോയുടെ ഭാര്യ ബിൻസി(32)യെ സാരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നോടെ അമ്പലത്തറ മൂന്നാം മൈലിലായിരുന്നു അപകടം.
ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു ബിൻസിയും മക്കളായ എലിസബത്ത്, ജോയൽ, മരിയ എന്നിവരും. ഇവർക്കിടയിലേക്ക് മൂന്നാംമൈൽ സ്വദേശി മൊയ്ദീൻ ഓടിച്ച കാർ പാഞ്ഞു കയറുകയായിരുന്നു.
ദിശ തെറ്റിയെത്തിയ കാർ ബിൻസിയെയും,എലിസബത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
എലിസബത്ത് അമ്പലത്തറ മേരി ക്വീൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മൊയ്ദീൻ കുഞ്ഞിനെതിരെ പൊലീസ് കേസെടുത്തു.