കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപിടുത്തം. കോട്ടയം കളക്ടറേറ്റിന് സമീപം കണ്ടത്തില്‍ റസിഡന്‍സി എന്ന മൂന്ന് നില കെട്ടിടത്തിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീ പിടുത്തമുണ്ടായത്. ലോഡ്ജ്, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കട എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടയുടനെ ലോഡ്ജില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
കോട്ടയം, ചങ്ങനാശേരി, പാമ്പാടി, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അഞ്ച് മണിക്കൂറിലധികം വേണ്ടി വന്നു തീ നിയന്ത്രണ വിധേയമാക്കാന്‍. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായതാണ് വിലയിരുത്തല്‍. കെട്ടിടത്തിന് തൊട്ടടുത്ത് ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.