കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എട്ടു മിനിട്ടോളം ഫോണിലൂടെ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
വാഹനങ്ങളുടെ പണമിടപാട് സംബന്ധിച്ചാണ് പ്രധാനമായും സംഭാഷണം നടക്കുന്നത്. ഇതിനിടയില്‍ പൊടുന്നനെ വിഷയം മാറുകയായിരുന്നു. ‘ ഞങ്ങള്‍ മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനി (ഈ സമയം ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ആയിരുന്നു) നഗരത്തില്‍ വന്ന സമയത്തും ഞങ്ങളാണ് ബോംബ് വച്ചത്.’ ഇങ്ങനെ പോകുന്നു സംഭാഷണം. 100ഓളം വാഹനങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും മറു വശത്തിരിക്കുന്ന വ്യക്തിയും പറയുന്നുണ്ട്. 1998 ഫെബ്രുവരിയില്‍ നടന്ന ഈ സ്ഫോടനത്തില്‍ 58 പേര് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും സംഭാഷണങ്ങളുടെ ആധികാരികത പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.