ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള മന്‍സൂര്‍ അഹമ്മദിന് ഒരു ഹൃദയം വേണം, അതിനദ്ദേഹം സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഇന്ത്യയോട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയിലും ഏറെ പ്രതീക്ഷയോടെയാണ് അഹമ്മദ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 1990കളില്‍ പാകിസ്ഥാന് ഹോക്കി ടീം ക്യാപ്റ്റനും അക്കാലത്തെ മിന്നും താരവുമായിരുന്നു മന്‍സൂര്‍ അഹമ്മദ്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച മന്‍സൂറിന് തുടര്‍ന്നു മുന്നോട്ടു പോകണമെങ്കില്‍ ഹൃദയം മാറ്റല്‍ ശസ്ത്രക്രിയ നടത്തിയേ മതിയാകു. തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയോട് സഹായം ചോദിച്ചിരിക്കുന്നത്.
കറാച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അവിടുത്തെ ഡോക്ടര്‍മാരാണ് ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ക്ലിനിക്കുകളില്‍ തുടര്‍ ചികിത്സ നടത്താന്‍ മന്‍സൂറിനെ നിര്‍ദേശിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കുറഞ്ഞ ചിലവില്‍ ചികിത്സ നടത്താനും, വിജയ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ത്യയിലാണെന്ന തിരിച്ചറിവിലാണ് തങ്ങള്‍ ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് മന്‍സൂര്‍ പറഞ്ഞു. വിഷയത്തില്‍ ഒരു സഹായം അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍, ഇന്ത്യ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷയെന്നും അഹ്മദ് പറഞ്ഞു.
5 വര്‍ഷം മുന്‍പാണ് അഹമ്മദിന്റെ ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നത്. ഇതേ തുടര്‍ന്ന് ഹൃദയത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തോടു കൂടി അവസ്ഥ വളരെ മോശമാവുകയായിരുന്നു. ഹൃദയം മാറ്റി വക്കലല്ലാതെ മറ്റൊരു വഴിയും ഇനിയില്ലെന്ന് മന്‍സൂര്‍ പറഞ്ഞു. ഇന്ത്യയിലേക്ക് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അയച്ചു കഴിഞ്ഞുവെന്നും, ആവശ്യ സമയത്ത് വിസ അനുവദിക്കണമെന്നു മാത്രമാണ് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഒളിമ്പിക്സുകളിലാണ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീം പങ്കെടുത്തിട്ടുള്ളത്. ഇതിനു പുറമെ നിരവധി ചാമ്പ്യന്‍സ് ട്രോഫികളിലും വേള്‍ഡ് കപ്പിലും വിജയം നേടിയ സമയങ്ങളിലും അഹമ്മദ് ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ടീമുമൊത്ത് നടന്ന മത്സരങ്ങളെ കുറിച്ചും ഏറെ ആവേശത്തോടെയാണ് അഹമ്മദ് സംസാരിച്ചത്. കളിക്കളത്തില്‍ അങ്ങേയറ്റം ശൗര്യത്തോടെയും വീര്യത്തോടെയും ഞങ്ങള്‍ ഏറ്റുമുട്ടും. പക്ഷേ രാത്രിയായാല്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും, ഷോപ്പിങ് നടത്തും ഇതെല്ലാമായിരുന്നു രീതിയെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.