ജോധ്പൂര്‍: പീഡനക്കേസില്‍ ജയില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ആശാറാം ബാപ്പുവിന്റെ കേസില്‍ കോടതി ഇന്ന് വിധിപറയും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാകും വിചാരണക്കോടതി വിധി പറയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് എഴുപത്തിഏഴുകാരനായ ആശാറാമിനെതിരെയുള്ള കേസ്. കേസിനെതിരെ 12ഓളം തവണ സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി എല്ലാം തള്ളുകയായിരുന്നു.
വിധി പറയുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് രാജസ്ഥാന്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കോടതി പരിസരത്തും ആശാറാം ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടിയുടെ വീടിനു മുന്‍പിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജോധ്പൂര്‍ നഗരത്തില്‍ 21ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ശക്തമാക്കിയിട്ടുണ്ട്.