കണ്ണൂർ: കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ പരാതി പരിശോധിക്കാൻ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തി. കേന്ദ്ര സംഘത്തിന്റെ പരിശോധനയിൽ പ്രതീക്ഷയുണ്ടെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസർച്ച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കീഴാറ്റൂരിൽ പരിശോധന നടത്തുന്നത്. വയൽ സന്ദർശിച്ച സംഘം വയൽക്കിളി പ്രവർത്തകരുടെ പരാതികൾ ചോദിച്ചറിഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും കേന്ദ്ര സർക്കാരിന് നൽകിയ പരാതിയെത്തുടർന്നാണ് കേന്ദ്ര സംഘമെത്തിയത്. കുമ്മനം രാജശേഖരനിൽനിന്നും കേന്ദ്ര സംഘം വിവരങ്ങൾ ശേഖരിക്കും. അതേ സമയം കേന്ദ്ര സംഘത്തിൽ വിശ്വാസമർപ്പിക്കുകയാണെന്ന് വയൽക്കിളികൾ പറഞ്ഞു.
കേന്ദ്ര സംഘം ദേശീയപാത അതോറിറ്റി, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.