ഉദ്ധംപൂര്‍: ഉദ്ധംപൂരിലെ ബാദലി ഗ്രാമത്തിലെ രക്കി മുത്തശ്ശി ഇന്ന് അവരുടെ നാട്ടിലെ ഒരു സൂപ്പര്‍ ഹീറോ ആണ്. അതെങ്ങിനെയാണെന്നല്ലേ, 87 വയസുള്ള ഈ മുത്തശ്ശി ഒരു ശുചിമുറി നിര്‍മ്മിച്ചു. അതും ആരുടെയും സഹായമില്ലാതെ. സ്വന്തം വീടിനു സമീപം നിര്‍മിച്ച ഈ ശുചിമുറി ഗ്രാമത്തിലെ എല്ലാവര്ക്കും വേണ്ടിയാണ് ഈ മുത്തശ്ശി നിര്‍മിച്ചത്. തന്റെ ഗ്രാമത്തെ തുറസ്സായ മല-മൂത്ര വിസര്‍ജനത്തില്‍ നിന്നു മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തശ്ശി ഈ ദൗത്യവുമായി ഇറങ്ങി പുറപ്പെട്ടത്.
മുത്തശ്ശിയെ ഇതിന് പ്രചോദിപ്പിച്ചത് സ്വച്ഛ് ഭാരത് മിഷന് പ്രവര്‍ത്തകര്‍ നടത്തിയ ഒരു ബോധവത്കരണ ക്ലാസ് ആണ്. ശുചിത്വത്തെക്കുറിച്ചും വെളിയിടങ്ങളില്‍ മല-മൂത്ര വിസര്‍ജനം നടത്തിയാലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം വിശദമായ ഒരു ക്ലാസാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയത്. ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ മുത്തശ്ശി ഉറപ്പിച്ചു. തന്റെ ഗ്രാമത്തിലും ഒരു ശുചിമുറി നിര്‍മിക്കും. ഇതിനായി ജോലിക്കാരെയോ, ഗ്രാമത്തിലുള്ളവരുടെ കയ്യില്‍ നിന്നും ഒരു രൂപ വാങ്ങാനോ മുത്തശ്ശി തയ്യാറായില്ല.
‘ഈ ഗ്രാമത്തിലുള്ള എല്ലാവരും ഈ ശുചിമുറി ഉപയോഗിക്കണം. മറിച്ചുള്ള രീതി നിരവധി അസുഖങ്ങളെയാണ് വിളിച്ചു വരുത്തുന്നത്. ഞാനും വര്‍ഷങ്ങളായി തുറസായ സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നത്. ഇതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. ശുചിമുറി പണിയിപ്പിക്കാനുള്ള പണമൊന്നും എന്റെ കയ്യിലില്ല. അതുകൊണ്ടാണ് മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി ഒരു ശുചിമുറി നിര്‍മിക്കാമെന്നു കരുതിയത്. ഇത് നിര്‍മിക്കാനാവശ്യമായ മണ്ണ് എന്റെ മകന് എത്തിച്ചു തരും. കട്ടകളടുക്കുന്നതും മറ്റു ജോലികളും ഞാന്‍ തനിയെ ചെയ്യും. 7 ദിവസത്തിനുള്ളില്‍ ശുചിമുറി നിര്‍മാണം പൂര്‍ത്തിയാക്കി.’ രക്കി മുത്തശ്ശി പറയുന്നു.
എന്തായാലും നിര്‍മാണം പൂര്‍ത്തിയായതോടെ മുത്തശ്ശിക്ക് ആശംസകളുടെ പ്രളയമാണ്.
ആളുകള്‍ അവരുടെ പഴയ ചിന്താഗതികളില്‍ മാറ്റം വരുത്തുന്നത് വളരെ നല്ല കാര്യമാണെന്ന് ഉദ്ധംപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 87 വയസുള്ള ഒരു സ്ത്രീ മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് ഒരു ശുചിമുറി നിര്‍മിച്ചുവെന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു. അവരുടെ ആത്മ സമര്‍പ്പണത്തിനും ഊര്‍ജ്ജത്തിനും മുന്നില്‍ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്കി മുത്തശ്ശിക്ക് ഇതിന്റെ പേരില്‍ എന്തെങ്കിലും സഹായം ഉടന്‍ ലഭ്യമാക്കാന്‍ പദ്ധതി ഉള്ളതായും ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.