വാഷിങ്ടണ്‍: വംശീയ വിദ്വേഷത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുച്ചിഭോട്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുഎസ് മുന്‍ നാവിക ഉദ്യോഗസ്ഥന് ആദം പുരിന്ടണി(52)നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2017 ഫെബ്രുവരി 22നായിരുന്നു സംഭവം. ‘എന്റെ രാജ്യത്ത് നിന്ന് സ്ഥലം വിടു’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. ശ്രീനിവാസിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും ആക്രമണം തടയുന്നതിനിടെ പരിക്കേറ്റിരുന്നു.
ശ്രീനിവാസിനെ വധിച്ചതിന് ജീവപര്യന്തം തടവും, സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവ് ശിക്ഷയുമാണ് ആദത്തിന് വിധിച്ചിരിക്കുന്നത്. ശിക്ഷയില്‍ തൃപ്തിയുണ്ടെന്നും ഇനിയൊരു ഇന്ത്യക്കാരനും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നും ശ്രീനിവാസിന്റെ ഭാര്യ സുനയന പറഞ്ഞു.