കോഴിക്കോട് ; കോടഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെട്ടു.
റൂറല്‍ എസ്പി എം.പുഷ്കരനോട് ഡല്‍ഹിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുപുറമെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറി എസ്പിയുടെ ഉത്തരവിറങ്ങി.
ജ്യോത്സനയുടെ അയല്‍വാസിയായ വേളംകോട് നക്ലിക്കാട്ട് കുടി പ്രജീഷും അമ്മ സരസുവും സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റയിലും ഉള്‍പ്പെടെ ഏഴുപേരാണ് കേസില്‍ ഉള്‍പ്പെട്ടത്.
ജ്യോത്സനയെ ആക്രമിച്ചതിലും, ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലും ദേശീയ ന്യൂനപക്ഷകമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.
ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. കേസിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ ഹാജരായി നേരിട്ടുനല്‍കണമെന്നും ദേശീയന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് ജ്യോത്സനയില്‍ നിന്നും കുടുംബത്തില്‍ നിന്നു മൊഴിയെടുത്തിരുന്നു.
ഇതിനുപറമെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി എസ്പിയുടെ ഉത്തരവ്. ജ്യോത്സനയെ ആക്രമിച്ച സംഭവത്തിനു പുറമെ മകളെ ഉപദ്രവിച്ച സംഭവവും സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടുന്ന സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ പരാതി നല്‍കിയിരുന്നു. കൂടാതെ ജ്യോത്സനയേയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കുകയെന്ന ആവശ്യമുന്നയിച്ച് പ്രതിരോധ റാലിയും സംഘടിപ്പിച്ചിരുന്നു.
താമരശേരിമുതല്‍ കോഴിക്കോട്ട് വരെ മുപ്പത് കിലോമീറ്ററിലേറെ നീണ്ട പദയാത്രയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണി നിരന്നു.