കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കി ശ്രീജിത്തിന്റെ കുടുംബം. പ്രത്യേക അന്വേഷണ സംഘത്തലവന് ഐജി ശ്രീജിത്തും ആലുവ മുന്‍ റൂറല്‍ എസ് പി എ.വി ജോര്‍ജ്ജും ഒത്ത് കളിക്കുന്നുവെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. ഐജി ശ്രീജിത്തും എ.വി ജോര്‍ജ്ജും ഒരുമിച്ച് നില്ക്കുന്ന ചിത്രം ശ്രീജിത്തിന്റെ ബന്ധുക്കള്‍ പുറത്ത് വിട്ടു.
https://www.youtube.com/watch?v=BwVSp0FmyF8
ഐജി ശ്രീജിത്ത് നിര്‍മ്മിച്ച ചിത്രത്തിന്റെ പൂജവേളയില്‍ എടുത്ത് ചിത്രമാണ് ശ്രീജിത്തിന്റെ കുടുംബം പുറത്ത് വിട്ടത്. ഐജി ശ്രീജിത്ത് സംഘടിപ്പിച്ച പരിപാടിയില്‍ 2 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. അതില്‍ ഒരാള്‍ ആലുവ മുന്‍ റൂറല്‍ എസ് പിയായിരുന്ന എ.വി ജോര്‍ജ്ജാണ്. ഇത് തന്നെ അവര്‍ ഇരുവരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള വ്യക്തമാക്കി.
ഐജി ശ്രീജിത്തും എവി ജോര്‍ജ്ജും സുഹൃത്തുകളാണ്. എവി ജോര്‍ജ്ജിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രത്യക അന്വേഷണ സംഘം നിലവില്‍ സ്വീകരിക്കുന്നതെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും, ഇതിന്റെ ഭാഗമായി എവി ജോര്‍ജ്ജിന്റെ ഫോണ്‍ വിളികളടക്കം പരിശോധിച്ച് വരികയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.