കൊച്ചി ; പോക്സോ കേസുകളില്‍ വിചാരണയ്ക്ക് നിയമം നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങളൊരുക്കാതെ സംസ്ഥാനത്തെ കോടതികള്‍.
പോക്സോ നിയമത്തിലെ മുപ്പത്തിയാറാം വകുപ്പ് പ്രകാരം കോടതിയില്‍ സാക്ഷി മൊഴി രേഖപ്പെടുത്തുമ്പോള്‍ പീഡനത്തിനിരയായ കുട്ടിയും പ്രതിയും മുഖാമുഖം കാണുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിയമം. ഭയമോ, മാനസിക പ്രശ്നങ്ങളോ കൂടാതെ കുട്ടിക്ക് മൊഴി നല്‍കുന്നതിന് വേണ്ടിയാണ് ഈ നിയമം.
വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, കുട്ടിക്ക് കോടതിയെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള കണ്ണാടി, കര്ട്ടന് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കോടതിമുറിയില്‍ നിര്‍ബന്ധമായും വേണം. എന്നാല്‍ കേരളത്തിലെ പ്രധാനപ്പെട്ട കോടതികളിലൊന്നിലും ഇത്തരം സംവിധാനങ്ങളില്ല.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാനത്തെ നീതിന്യായ സംവിധാനം തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. സ്ത്രീ പീഢന വിരുദ്ധ സെല്ലുകള്‍ എല്ലാ സ്ഥാപനങ്ങളിലും വേണമെന്നിരിക്കെ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഇങ്ങനെയൊന്നില്ല.
അതേസമയം സാങ്കേതികമായി ഇത്തരം വിഷയങ്ങള്‍ നടപ്പിലാക്കേണ്ട ഹൈക്കോടതി തന്നെയാണ് വീഴ്ചയ്ക്ക് ഉത്തരവാദി. അടിസ്ഥാന സൗകര്യമൊരുക്കേണ്ട സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ നിശബ്ദമാണ്.