മലപ്പുറം ; വാഴയൂരില്‍ ആറ് കുട്ടികളടക്കം ഒന്‍പത് പേർ കിടന്നുറങ്ങിയ വീട് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണു പിടിയിലായത്.
അടയ്ക്കാകച്ചവടക്കാരനായ അബൂബക്കറുമായുള്ള വിരോധമാണ് വീടിനു തീ വയ്ക്കാൻ കാരണമെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കമാണ് വീട്ടില്‍ കിടന്നുറങ്ങിയത്.
പുക ശ്വസിച്ച കുട്ടികൾക്ക് ചുമയും,ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെയാണ് മറ്റ് അംഗങ്ങൾ ഉണർന്നതും, വൻ ദുരന്തം ഒഴിവായതും.നാട്ടുകാരെത്തിയാണ് തീയണച്ചത്.
അര്‍ധരാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ നടന്നുനീങ്ങുന്നതായ ദൃശ്യങ്ങള്‍ സമീപത്തുള്ള വീടിന്റെ ടെറസില്‍ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.