കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ പശ്ചിമബംഗാളില്‍ 7 പേര് കൊല്ലപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. മുര്‍ഷിദാബാദില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗനാസില്‍ നടന്ന ബോംബേറില്‍ ഒരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. രാവിലെ ഇവിടെ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ ഒരു സിപിഎം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നിരുന്നു. സൗത്ത് 24 പര്‍ഗനാസില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും വെടിയേറ്റ് മരിച്ചു.
ഈ പ്രദേശത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1 മണി വരെ 41.51 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കത്തിക്കുത്തും വെടിവപ്പും പരക്കെ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരാണ് ഈ അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അഞ്ചോളം പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ് പരിക്കേറ്റ് ചികിത്സ തേടിയിരിക്കുന്നത്.
20 ജില്ലകളിലായി 38529 പേരാണ് സംസ്ഥാനത്ത് ഇന്ന് ജനവിധി തേടുന്നത്.