ന്യൂഡൽഹി ; ഭാരതം എന്ന ഒരേ ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് ബിജെപി യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കർണാടകയിലെ വിജയത്തിനു ശേഷം ഡൽഹിയിലെ ബിജെപി ഹെഡ് ക്വാർട്ടേഴ്സിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി ഉള്ളതെന്ന രീതിയിൽ പലരും പ്രചരണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഗോവ,ഗുജറാത്ത്,ഇപ്പോൾ കർണാടക ഈ സംസ്ഥാനങ്ങൾ ഹിന്ദി സംസാരിക്കുന്നവയാണോയെന്ന് അവർ തന്നെ മനസ്സിലാക്കണം.
ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തുന്നവർക്ക് മുൻപിൽ ബിജെപി ഭാരതത്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ഭാരതത്തിന്റെ പുരോഗതിയും, ശ്രേഷ്ഠതയും ലക്ഷ്യമാക്കിയാണ് ബിജെപിയുടെ പ്രവർത്തനം.
കർണാടകയിലെ ജനങ്ങൾക്കും,തനിക്കുമിടയിൽ ബാരിക്കേഡുകൾക്ക് സ്ഥാനമില്ല. അവരുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് താൻ അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും വിഭജിച്ചത് കോൺഗ്രസാണ്. ദക്ഷിണേന്ത്യയിലും താമര വിരിയുമെന്ന് തെളിയിക്കുന്നതാണ് വിജയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാരണാസിയിൽ പാലം തകർന്ന് മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാജ്ഞലികൾ അർപ്പിച്ചു