മലപ്പുറം : എടപ്പാള്‍ ബാലപീഡനക്കേസില്‍ വീഴ്ച സംഭവിച്ച എസ്ഐ ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് എസ് പി യുടെ റിപ്പോർട്ട് .
എസ് ഐ മാത്രം പ്രതിസ്ഥാനത്ത് നിർത്തി , ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ചങ്ങരംകുളം എസ്ഐ കെ.ജി.ബേബി ഒഴികെയുള്ളവര്‍ കുറ്റക്കാരല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.
പരാതി ലഭിച്ചിട്ടും എസ്ഐ കേസെടുത്തില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിനെ കുറിച്ച് അറിയാതിരുന്ന തിരൂര്‍ ഡിവൈഎസ്പിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തീയറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് അതു മറച്ചു വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപക ആരോപണമാണുള്ളത്.
മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.