സോൾ : സമാധാന ചർച്ചകൾക്ക് തടയിട്ട് വടക്കൻ കൊറിയ.
അമേരിക്കയുമായി തെക്കൻ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ പ്രതിഷേധിച്ച് തെക്കൻ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം റദ്ദാക്കി.
സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും വടക്കൻ കൊറിയ കുറ്റപ്പെടുത്തി.
ജൂണിൽ നടക്കാനിരിക്കുന്ന ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ചയേയും ഈ സംയുക്ത പരിശീലനം ബാധിക്കുമെന്നും വടക്കൻ കൊറിയ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 27 ന് ഇരുകൊറിയകളും നടത്തിയ ഉച്ചകോടിയിൽ, എഴുപത് വർഷമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു.ആണവ പരീക്ഷണങ്ങളും നിർത്തലാക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായിരുന്നു.
തെക്കൻ കൊറിയയുമായുള്ള സമാധാന ചർച്ചകളും നിർത്തലാക്കുകയാണെന്ന സൂചനയാണ് വടക്കൻ കൊറിയ നൽകുന്നത്.