ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അരവിന്ദ് കെജ്രിവാളിനെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് കെജ്രിവാളിന് നോട്ടീസ് നല്‍കിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സ്റ്റേഷനില്‍ നിന്നും മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. എന്നാല്‍ കെജ്രിവാള് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം ഓഫീസാണോ വസതിയാണോ എന്നു തീരുമാനിക്കാനുള്ള അവകാശവും അദ്ദേഹത്തിന് പെലീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെയും, സംഭവ സമയത്ത് കെജ്രിവാളിന്റെ വസതിയിലുണ്ടായിരുന്ന 11 എംഎല്‍എമാരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഫെബ്രുവരി 19ന് ഔദ്യോഗിക ആവശ്യത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.