കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ നിരാഹാര സമരം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികളായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്ലീം, സൗണ്ട് എഞ്ചിനീയര്‍ ജെറിന് മൈക്കിള്‍ എന്നിവരുടെ ബന്ധുക്കളാണ് നിരാഹാരമാരംഭിച്ചത്.
2016 ജൂലൈ 16നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഷംന മരണമടഞ്ഞത്. പനിയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഷംന ആശുപത്രിയില്‍ മരണമടയുകയായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ എം. ബി. ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന. ഷംനയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിലും ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്മേല് ഉത്തരവാദികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
എടത്തല സ്വദേശിയും സൗണ്ട് എഞ്ചിനീയറുമായ ജെറിന് മൈക്കിളും ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. വയറ് വേദനക്ക് ചികിത്സ തേടിയ ജെറിന് തൊട്ടടുത്ത ദിവസം മരണമടയുകയായിരുന്നു. ഇതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.